
കോവിഡ് വാക്‌സിന് പകരം റാബിസ് വാക്സിൻ നൽകി; നഴ്സിന് സസ്പെൻഷൻ
September 29, 2021മഹാരാഷ്ട്രയിലെ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ എടുക്കാനെത്തിയ ഒരാൾക്ക് ആന്റി റാബിസ് വാക്സിൻ (എആർവി) തെറ്റായി നൽകിയതിന് താനെ മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന നഴ്സിനെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു. കൽവയിലെ ആട്കോനേശ്വർ ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കോവിഷീൽഡ് വാക്സിൻ എടുക്കാൻ രാജ്കുമാർ യാദവ് എന്ന വ്യക്തി വരികയും ഇയാൾ അബദ്ധത്തിൽ പേപ്പട്ടി വിഷത്തിനെതിരെ കുത്തിവെയ്പ്പ് നൽകുന്ന വരിയിൽ പോയി ഇരിക്കുകയുമായിരുന്നു.
കീർത്തി പോപ്പറെ എന്ന നഴ്സ് രാജ്കുമാർ യാദവിന്റെ രേഖകൾ നോക്കാതെ എആർവി കുത്തിവെയ്പ്പ് നൽകുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ രാജ്കുമാർ യാദവിനെ നിരീക്ഷണത്തിലാക്കുകയും കീർത്തി പോപ്പറെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
താനെ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, വാക്സിൻ നൽകുന്നതിനു മുമ്പ് രോഗിയുടെ രേഖകൾ പരിശോധിക്കേണ്ടത് കീർത്തി പോപ്പറുടെ കടമയായായിരുന്നു എന്ന് ഭരണകൂടം പറഞ്ഞു. നഴ്സിന്റെ അശ്രദ്ധ മൂലം ഒരു വ്യക്തിയുടെ ജീവൻ അപകടത്തിലായെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇക്കാരണത്താൽ, ഒരു അച്ചടക്കനടപടിയെന്ന നിലയിൽ നഴ്സിനെ സസ്‌പെൻഡ് ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.