പാക് വിജയാഘോഷം; വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു

പാക് വിജയാഘോഷം; വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു

October 28, 2021 0 By Editor

ടി20 ലോക കപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരിലെ നീർജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾ ജയിച്ചു’ എന്ന അടിക്കുറിപ്പോടെ പാകിസ്ഥാൻ താരങ്ങളുടെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

തന്റെ പോസ്റ്റിൽ ദുരുദ്ദേശ്യമില്ലെന്ന് അധ്യാപിക വ്യക്തമാക്കിയതോടെ 20,000 രൂപയുടെ ജാമ്യത്തിൽ കോടതി ജാമ്യം അനുവദിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ 9ന് കേസിൽ വാദം നടക്കും. വാട്സാആപ്പ് സ്റ്റാറ്റസ് വൈറലായതിന് പിന്നാലെ അധ്യാപികയെ സ്‌കൂൾ മാനേജ്‌മെൻറ് പിരിച്ചു വിട്ടിരുന്നു.

പാക് വിജയം ആഘോഷിച്ച നിരവധി പേർക്കെതിരെ ഇതിനോടകം രാജ്യത്ത് കേസെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് കോളജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.

അറസ്റ്റിലായ അർഷിദ് യൂസഫും ഇനായത്ത് അൽത്താഫ് ഷെയ്ഖും കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഷൗക്കത്ത് അഹമ്മദ് ഗനായ് നാലാം വർഷ വിദ്യാർത്ഥിയാണ്. ഇന്ത്യ-പാക് മത്സരത്തിന് ശേഷം “പാകിസ്ഥാന് അനുകൂലമായി സ്റ്റാറ്റസ് പോസ്റ്റു ചെയ്തു എന്ന അച്ചടക്കരാഹിത്യം” ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ തിങ്കളാഴ്ച കോളജ് സസ്പെൻഡ് ചെയ്തിരുന്നു.