തിരുവനന്തപുരം: ഇലക്ട്രോണിക്സ്, ഐടി മേഖലയിൽ രാജ്യത്ത് പുതുതായി നിരവധി അവസരങ്ങളുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്‌, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അവസരങ്ങൾ വരുമ്പോൾ കേരളത്തിലെ സംരംഭകരും അവ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്റർനെറ്റ്‌ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന  കാലഘട്ടമാണിത്. കോവിഡാനന്തര കാലത്ത് ഡിജിറ്റൽ രംഗത്ത് ഇന്ത്യയിൽ ധാരാളം തൊഴിലവസരങ്ങളാണ് ഉണ്ടായത്. ബിസിനസ്സിലും ഭരണ രംഗത്തും വ്യക്തി ജീവിതത്തിലുമൊക്കെ ധ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷൻ നടപ്പാകുന്നുവെന്നതാണ് കൊവിഡ് കാലത്തെ പ്രധാന സവിശേഷത. ഈ കാലഘട്ടത്തിൽ 65 ബില്ല്യൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലുണ്ടായി. നൈപുണ്യവികസനത്തിലാണ് ഇനി നമ്മൾ ശ്രദ്ധിക്കേണ്ടത് – പ്രമുഖ ചാനലിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്സ് മേഖലയിൽ ചൈന ആണ് മുന്നിൽ നിന്നിരുന്നത്. എന്നാൽ ഇന്ന്, ചൈനയെ ആശ്രയിച്ചു നിന്ന കമ്പനികൾ ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഈ  അവസരങ്ങൾ കൊറിയ, വിയറ്റ്നാം, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകും. ഇത് നമുക്ക് ദോഷം ചെയ്യും. ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. 2025 ഓടെ ഇന്ത്യയെ ഒരു ഇലക്ട്രോണിക്സ് ഹബ് ആക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷൻ. സംസ്ഥാനങ്ങൾ ഇത് യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സിറ്റികളിലേക്കും ടെക്നോളജി കൊണ്ട് വരാനുള്ള ഒരു പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എൻജിനീയറിങ്, ഐടി മേഖലയിൽ മികവു പുലർത്തുന്നവർ കൂടുതൽ കേരളത്തിലാണുള്ളത്. എന്നാൽ അവർക്ക് കേരളത്തിന്‌ പുറത്താണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. പുതിയ സംരംഭകർക്ക് ഇന്ന് പണ്ടത്തേതിനേക്കാൾ അവസരങ്ങളും പിന്തുണയും ഉണ്ട്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന  ഒരു ധാരണ നിക്ഷേപകർക്ക് ഉണ്ടെന്നും അതിനാൽ കേരളത്തിൽ നിക്ഷേപം നടത്താൻ അവർ  തയാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിൽ ടെക്‌നോ പാർക്ക്‌ ആശയത്തിന്റെ തുടക്കം കേരളത്തിൽ നിന്നായിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങൾ പിന്നീട് ഒരുപാട് മുന്നോട്ട് പോയി. ആശയം കേരളം ആണ് കൊണ്ടുവന്നതെങ്കിലും കേരളത്തിന്‌ അതിൽ മുന്നേറാൻ സാധിച്ചില്ല.
ഇലക്ട്രോണിക്സ്, ഐ ടി മേഖലകളിൽ വളരെയധികം സാധ്യതകൾ ആണ് കേരളത്തിനുള്ളത്. അവസരങ്ങൾ വരുമ്പോൾ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് കേരളത്തിന്റെ പോരായ്മ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷിത ഇന്റർനെറ്റ്‌ എന്ന ആശയം പ്രൈവസിയെ ബാധിക്കില്ലെന്നും അതിനുള്ള എല്ലാ നിയമ സംവിധാനങ്ങളും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *