രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ ഭീഷണി തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി യുഎഇ. ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ രാജ്യത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക.

രണ്ടാമത്തെ ഡോസ് എടുത്ത് എട്ടു മാസം പൂര്‍ത്തിയായ ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ല. വ്യാപാര സ്ഥാപനങ്ങള്‍, പൊതു ചടങ്ങുകള്‍, വിനോദ പരിപാടികള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള പ്രവേശനം ഇമ്മ്യൂണ്‍ സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നതിനാല്‍ സമയമായാല്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വാക്സിന്‍ എടുക്കുന്നതില്‍ നിന്ന് ആരോഗ്യ മന്ത്രാലയം ഇളവ് അനുവദിച്ചവര്‍ക്ക് ഇത് ബാധകമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *