ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം
ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം .ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലൂന്നി മലയാളത്തിന് പുതു ഭാഷ്യം രചിച്ച എഴുത്തച്ഛനെ മലയാളികൾ മഹാഗുരുവായി കണക്കാക്കി ആദരിക്കുന്നു .ഭക്തകവിയായ എഴുത്തച്ഛൻ ആധുനിക മലയാള ഭാഷയുടെ പിതാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരിൽ ,തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലം .ധനു മാസത്തിലെ ഉത്രം നാളിലാണ് എഴുത്തച്ഛൻ സമാധിയായതെങ്കിലും,നക്ഷത്രം നോക്കി ആചരണം നടത്താൻ പ്രയാസം നേരിട്ടപ്പോൾ മലയാള മണ്ണ് ഡിസംബർ 30 എഴുത്തച്ഛൻ സ്മരണ ദിനമായി കൊണ്ടാടുന്നു .
കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛൻ ആണ് ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയതെന്ന് ഭാഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു.ക്ഷുദ്രവിചാര- വികാരങ്ങളുടെ പടുകുഴിയിൽ ആണ്ടു മുങ്ങിയ ഒരു സമൂഹത്തെയാണ് എഴുത്തച്ഛന് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്.രാമകഥയും കൃഷ്ണ കഥയും ആഖ്യാനത്തിനായി തിരഞ്ഞെടുത്ത് രാമനാമവും കൃഷ്ണനാമവും ചൊല്ലിയും ചൊല്ലിച്ചും തുഞ്ചത്താചാര്യൻ അന്നത്തെ സമൂഹത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് , ഹരിനാമകീർത്തനം, ശിവപുരാണം , ദേവീ മാഹാത്മ്യം , ഉത്തരരാമയണം, ഭാഗവതം കിളിപ്പാട്ട്,ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം ,ശതമുഖരാമായണം,കൈവല്യനവനീതം എന്നീ കാവ്യങ്ങൾ എഴുത്തച്ഛന്റെ രചനകൾ ആണെന്നാണ് കരുതപ്പെടുന്നത്.വൈദേശികാക്രമണത്തെ പ്രതിരോധിക്കാൻ ഭാരതത്തിന് സാധിച്ചത് എഴുത്തച്ഛൻ അടക്കമുള്ള ഭക്ത കവികൾ നിർമ്മിച്ച സാംസ്‌കാരിക ഏകോപനം ആയിരുന്നുവെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
പാലക്കാട്ടു ജില്ലയിൽ ചിറ്റൂരിലെ ഭാരതപ്പുഴയുടെ തീരത്ത് എഴുത്തച്ഛൻ സ്ഥാപിച്ച ഗുരുമഠം പ്രസിദ്ധമാണ് .അദ്ധ്യാത്മിക ജീവിതം നയിക്കുന്നതിനിടെ ചിറ്റൂരിലെ ഈ മഠത്തിൽ വച്ചാണ് അദ്ദേഹം സമാധി അടഞ്ഞതെന്നാണ് ചരിത്രകാരന്മാർ പറയുന്നത് . അതെ സമയം ഭാഷാ പിതാവിന് ജന്മ നാട്ടിൽ സ്‌മാരകം വേണമെന്ന ഭാഷാ പ്രേമികളുടെയും , സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യത്തിന് മുൻപിൽ സർക്കാർ മൗനം പാലിക്കുകയാണ് .തുഞ്ചൻ പ്രതിമയ്‌ക്കെതിരായുള്ള ഇസ്ലാമിക മത മൗലിക വാദികളുടെ എതിർപ്പാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .