യുപിയില്‍ യോഗിക്ക് രണ്ടാമൂഴം
ലക്നൗ: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകൾ പുറത്തുവരുമ്പോൾ 250ലധികം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്‌വാദി പാർട്ടി 110ലേറെ സീറ്റുകളിൽ മുന്നിലാണ്. ഗോരഖ്പുർ അർബനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർഹേലിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മുന്നിലാണ്. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മത്സരിച്ച മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. 2017ലെ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി വിജയിച്ചതാകട്ടെ 47 സീറ്റുകളിലും. എസ്പി നിലമെച്ചപ്പെടുത്തിയപ്പോൾ കഴിഞ്ഞ തവണ 19 സീറ്റുകൾ നേടിയ ബിഎസ്പി ഇത്തവണ തകർന്നടിയുന്നതാണ് ഫലസൂചലകളിൽ ദൃശ്യമാകുന്നത്. കോൺഗ്രസ് ആറു സീറ്റുകളിലും ബിഎസ്പി അഞ്ചു സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.