കെഎസ്ആർടിസിയിൽ 24 മണിക്കൂ‍ർ പണിമുടക്ക്; നേരിടാൻ ഡയസ്നോൺ

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി…

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐ എൻ ടി യു സി, ബി എം എസ്, എ ഐ ടി യു സി യൂണിയനുകൾ അറിയിച്ചു.

സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനം. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രാ പ്രതിസന്ധി രൂക്ഷമാകും. തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് കാര്യമായി ബാധിക്കുക.

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂർ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് വ്യാഴായ്ച നടന്ന ചർച്ചയിൽ കോർപറേഷൻ സി എം ഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story