പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽ

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽ

May 24, 2022 0 By Editor

പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ മുഖ്യപ്രതി യഹിയ പോലീസ് കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് യഹിയ പോലീസ് പിടിയിൽ ആയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.  സ്വർണക്കടത്ത് സംബന്ധിച്ച പ്രശ്നങ്ങളാണ് ജലീലിനെ തട്ടിക്കൊണ്ടു പോകുന്നതിലേക്കും പിന്നീട് മർദിച്ചു കൊല്ലുന്നതിലേക്കും വഴിവെച്ചത്.

നാല് ദിവസം നീണ്ട മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുകയായിരുന്നു. യഹിയയെ ഒളിവിൽ പോകാൻ സഹായിക്കുകയും സൗകര്യങ്ങൾ നൽകുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇത് വരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു. സ്വർണത്തിൻ്റെ കാരിയർ ആയിരുന്നു ജലീൽ. ജിദ്ദയിൽ നിന്നും കൊടുത്തുവിട്ട സ്വർണം പക്ഷേ യഹിയക്കും സംഘത്തിനും കിട്ടിയില്ല. ഇതിന് വേണ്ടിയായിരുന്നു ജലീലിനെ യഹിയയും സംഘവും മർദ്ദിച്ച് കൊന്നത്.

കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍ (34),  പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന്‍ (23) എന്നിവരെയാണ് യഹിയക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.