ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം
ന്യൂഡൽഹി: ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പു പിൻവലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് കൈമാറരുതെന്നായിരുന്നു നിര്‍ദേശം. ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നാണ് പുതിയ അറിയിപ്പ്. ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത് ആധാർ ആക്ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം ഉൾപ്പെടുന്ന നിർദ്ദേശമാണ് ഇപ്പോൾ പിൻവലിച്ചത്.