ജയിലിൽ തോട്ടപ്പണി, ദിവസം 63 രൂപ വേതനം; രാവിലെ 7.15ന് ജോലി തുടങ്ങും ” വിസ്മയ കേസിലെ പ്രതി കിരണിന്റെ ജയിൽ ജീവിതം ഇങ്ങനെ !

ജയിലിൽ തോട്ടപ്പണി, ദിവസം 63 രൂപ വേതനം; രാവിലെ 7.15ന് ജോലി തുടങ്ങും ” വിസ്മയ കേസിലെ പ്രതി കിരണിന്റെ ജയിൽ ജീവിതം ഇങ്ങനെ !

June 20, 2022 0 By Editor

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഭർത്താവ് എസ്.കിരൺ കുമാറിന് തോട്ടപ്പണി. അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരിക്കെ കേസിൽ പ്രതിയായ കിരണിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പൂജപ്പുര സെൻട്രൽ ജയിൽ മതിലിനുള്ളിലുള്ള തോട്ടത്തിലാണ് 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരൺ ജോലി ചെയ്യുന്നത്.

മതിൽക്കെട്ടിനുള്ളിലെ 9.5 ഏക്കറിൽ ചില ഭാഗങ്ങളിൽ കൃഷിയുണ്ട്. ജയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ അലങ്കാര ചെടികളും നട്ടിട്ടുണ്ട്. ഇതെല്ലാം കിരൺ കുമാർ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയില്‍ തടവുകാർ പരിപാലിക്കും. രാവിലെ 7.15ന് തോട്ടത്തിലെ ജോലി തുടങ്ങും. ദിവസം 63 രൂപ കിരണിനു വേതനമായി ലഭിക്കും. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസ വേതനമായി ലഭിക്കും.

രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. രാത്രി ഭക്ഷണം നൽകി 5.45ന് തടവുകാരെ സെല്ലിൽ കയറ്റും. അഞ്ചാം ബ്ലോക്കിലാണ് കിരൺകുമാർ കഴിയുന്നത്. ജയിലിൽ വരുന്നവരെ ആദ്യം മതിൽക്കെട്ടിനു പുറത്തുള്ള ജോലികൾക്കു വിടില്ലെന്ന് അധികൃതർ പറഞ്ഞു.

അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെ പുറത്തെ പണിക്കു വിടില്ല. ജയിലിലെത്തിയാൽ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ ജയിലിനകത്ത് ജോലി ചെയ്യണം. ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് നിയമം. പൂജപ്പുര ജയിലിൽ പച്ചക്കറി കൃഷിയുണ്ട്, ഗാർഡൻ നഴ്സറിയുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജയിലിൽ പച്ചക്കറി വിൽക്കും. ശരാശരി പതിനായിരം രൂപയുടെ വിൽപന നടക്കുന്നതായി അധികൃതർ പറഞ്ഞു.

ശിക്ഷയ്ക്കു പുറമെ കിരണിന് 12.55 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ 4 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം. സ്ത്രീധന നിരോധന നിയമപ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മേയ് 30നായിരുന്നു വിവാഹം.