എഴുന്നേറ്റു നോക്കിയപ്പോൾ കുഞ്ഞ് കിടന്ന സ്ഥലത്ത് പുതപ്പു മാത്രം, കുട്ടിയെ തട്ടിയെടുത്തു യുവതി; 24 മണിക്കൂറിനകം കണ്ടെത്തി പോലീസ്

എന്റെ ജീവനാണു തിരികെക്കിട്ടിയത്. കുഞ്ഞിനെ കാണാതായതു മുതൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല’– തിരികെക്കിട്ടിയ കൺമണിയെ വാരിപ്പുണർന്ന് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി ദിവ്യ ഭാരതി പറഞ്ഞു.…

എന്റെ ജീവനാണു തിരികെക്കിട്ടിയത്. കുഞ്ഞിനെ കാണാതായതു മുതൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല’– തിരികെക്കിട്ടിയ കൺമണിയെ വാരിപ്പുണർന്ന് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി ദിവ്യ ഭാരതി പറഞ്ഞു. രാത്രി ഒരു മണിക്ക് കുഞ്ഞിനു പാലു കൊടുത്തതാണ്. അരികിൽ കിടത്തി ഉറക്കി. ഉറക്കത്തിനിടെ ഉണർന്നപ്പോൾ കട്ടിലിൽ തപ്പിനോക്കി. കുഞ്ഞിനെ കാണാനില്ല. എഴുന്നേറ്റു നോക്കിയപ്പോൾ കുഞ്ഞ് കിടന്ന സ്ഥലത്ത് പുതപ്പു മാത്രം.

അടിവയറ്റിൽ നിന്ന് ആധി കയറി. ബന്ധുവും ഒപ്പമുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നു. കുഞ്ഞിനെ തിരക്കി വരാന്തയിലൂടെ ഓടി. ഭർത്താവിനെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരും തിരച്ചിലിന് ഒപ്പം കൂടി. പൊലീസിലും വിവരം അറിയിച്ചു. ജില്ലാ പൊലീസ് മേധാവി രാവിലെ തന്നെ ആശുപത്രിയിൽ എത്തി എത്രയും പെട്ടെന്നു കുഞ്ഞിനെ കണ്ടെത്തുമെന്ന് ഉറപ്പുനൽകി. പിന്നീടുള്ള മണിക്കൂറുകൾ പ്രാർഥനയോടെ കാത്തിരുന്നു.

ഞായറാഴ്ച രാത്രി ആയിട്ടും കുഞ്ഞിനെക്കുറിച്ചു വിവരമൊന്നും ലഭിക്കാതായതോടെ ആശങ്കയേറി. പുലർച്ചെ മൂന്നോടെ വിവരം ലഭിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. പൊലീസ് വാക്കു പാലിച്ചു. 5 മണിയോടെ കുഞ്ഞിനെ കൈകളിൽ വച്ചു തന്നു. ‘‘സന്തോഷമാണോ, സങ്കടമാണോ എന്നറിയില്ല’’– കുഞ്ഞിനെ മാറോടു ചേർത്ത് പൊലീസിനും മാധ്യമ പ്രവർത്തകർക്കും ദിവ്യ നന്ദി പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യസ്ഥിയിൽ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:

നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ ഒലവക്കോട് കാവിൽപാട് സ്വദേശി ഷമീനയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും 2 കുഞ്ഞുങ്ങളുടെ അമ്മയുമായ ഷമീന ഭർത്താവുമായി അകന്ന് മണികണ്ഠൻ എന്ന യുവാവിന്റെ കൂടെ കൊടുവായൂരിൽ താമസിക്കുകയാണ്. തമിഴ്നാട്ടിലാണു മണികണ്ഠനു ജോലി. ഗർഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ആശുപത്രിച്ചെലവിനും മറ്റുമായി ഷമീന മണികണ്ഠനിൽ നിന്ന് 50,000 രൂപയോളം വാങ്ങി സ്വന്തം വീട്ടിലേക്കു പോയി. പ്രസവത്തീയതി എന്നാണെന്നു മണികണ്ഠന്റെ അമ്മ നിരന്തരം ചോദിച്ചതോടെ കുട്ടിയെ കാണിച്ചുകൊടുക്കേണ്ട സ്ഥിതിയായി.

ഇതോടെയാണു പൊള്ളാച്ചിയിലെത്തി കുട്ടിയെ തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഷമീനയ്ക്കൊപ്പം ഒരു പെൺകുട്ടിയെക്കൂടി കണ്ടെത്തിയെങ്കിലും ആരാണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടിയെ കാണാതായെന്നു ബന്ധുക്കൾ അറിയിച്ച് 24 മണിക്കൂറിനകമാണു തമിഴ്നാട് പൊലീസും കേരള പൊലീസും ചേർന്നു കണ്ടെത്തിയത്. ഇതിനായി ഇരുനൂറ്റിയൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പുലർച്ചെ കുഞ്ഞുമായി 2 സ്ത്രീകൾ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ നിന്നു കോയമ്പത്തൂർ ബസിൽ കയറുന്നതു ദൃശ്യങ്ങളിൽ കണ്ടെത്തി.

തുടർന്നു പൊലീസ് കോയമ്പത്തൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനിടെ, സ്ത്രീകൾ കുഞ്ഞുമായി പാലക്കാട് ജംക്‌ഷൻ (ഒലവക്കോട്) സ്റ്റേഷനിൽ ഇറങ്ങുന്നത് സിസിടിവിയിൽ കണ്ടു. തുടർന്നുള്ള അന്വേഷണത്തിലാണു പുതുനഗരം പൊലീസിന്റെ സഹായത്തോടെ അർധരാത്രിയോടെ കുഞ്ഞിനെ കൊടുവായൂരിൽ പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story