13-ാമത് ജൈവകാര്‍ഷികോത്സവ മേള – ജൈവകാര്‍ഷികോത്സവം 2018 – ഉത്ഘാടനം ചെയ്തു

April 11, 2018 0 By Editor

ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്വത്തോടു കൂടി എല്ലാവര്‍ഷവും ഏപ്രിലില്‍ നടത്താറുള്ള ജൈവ കാര്‍ഷിക മേള (ജൈവകാര്‍ഷികോത്സവം 2018) ഇന്ന്, ഏപ്രില്‍ 10, 2018 ന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. ഡോ എം പി സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജൈവ കാര്‍ഷിക മേളയെ പരിചയപ്പെടുത്തല്‍ ശ്രീ എം എം അബ്ബാസ് നിര്‍വ്വഹിച്ചു. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫസര്‍ എം കെ പ്രസാദ് ജൈവ കൃഷിയുടെ ചരിത്ര പശ്ചാത്തലം വിശദീകരിച്ചു. പ്രശസ്ത കവി രാജീവ് ആലുങ്കല്‍, ഔഷധി ചെയര്‍മാന്‍ ഡോ കെ ആര്‍ വിശ്വംഭരന്‍, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജെ ജേക്കബ്, ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ് ആല്‍വാരിസ്, കണയന്നൂര്‍ ഗ്രാമീണ വികസന ബാങ്ക് പ്രസിഡന്റ് ശ്രീ എം ഇ ഹസൈനാര്‍, രാജഗിരി ഔട്ട്‌റീച്ച് ഡയറക്ടര്‍ മീന കുരുവിള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മേളയ്ക്കു മുന്നോടിയായി നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് കവി രാജീവ് ആലുങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജൈവകാര്‍ഷിക മേളയുടെ ഉത്ഘാടനത്തോടെ ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും രാജേന്ദ്രമൈതാനിയില്‍ ആരംഭിച്ചു. ഇത് ഏപ്രില്‍ 13 ന് രാത്രി 8 മണി വരെ തുടരും. ഏപ്രില്‍ 12-ാ തീയതി ജൈവകര്‍ഷകരും ജൈവ ഉല്‍പ്പന്ന വിപണനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തുറന്ന ചര്‍ച്ചയും ഏപ്രില്‍ 13-ാം തീയതി കാര്‍ഷിക സംഗമവും ജൈവകൃഷി പരിശീലനവും നടത്തപ്പെടും. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളും ഉണ്ടായിരിക്കും.