Begin typing your search above and press return to search.
കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ, ഇഡി റെയ്‌ഡ്; 9 നേതാക്കൾ കസ്റ്റഡിയിൽ
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നടന്ന റെയ്‌ഡിൽ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളടക്കം ഒൻപതു പേരെ എൻഐഐ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 4.30 നാണ് റെയ്‌ഡ് ആരംഭിച്ചത്. 10 സംസ്ഥാനങ്ങളിലായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 100 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്.
ഡൽഹിയിലും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അൻപതിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്‌ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടിൽ നിന്ന് എൻഐഐ കസ്റ്റഡിയിൽ എടുത്തു. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്‌ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുണ്ടു കോട്ടക്കൽ സാദിഖിന്റെയും അടൂർ പറക്കോട് മേഖല ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂർ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു. റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
Next Story