മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വട്ടവട(ഇടുക്കി): മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ്…
വട്ടവട(ഇടുക്കി): മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ്…
വട്ടവട(ഇടുക്കി): മൂന്നാർ മേഖലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ടത്. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.
അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ, ഒലിച്ചുപോയ ബസ് 750 മീറ്റർ താഴെനിന്ന് കണ്ടെത്തി. നിശ്ശേഷം തകർന്നനിലയിലാണ്. ഇതിന് താഴെ ആയിട്ടായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുൾപൊട്ടിയത്. വടകരയിൽനിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരുകയായിരുന്നു. പെട്ടെന്ന് രണ്ട് പാറക്കഷണവും ചെളിയും റോഡിലേക്ക് വീണു. മുൻപിൽ വന്ന മിനിബസ് ചെളിയിൽ പുതഞ്ഞു. അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് സഞ്ചാരികളോട് പെട്ടെന്ന് ഇറങ്ങാനാവശ്യപ്പെട്ടു. അവർ ഇറങ്ങി. കാണാതായ രൂപേഷാണ് പലരേയും ഇറങ്ങാൻ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് ചെളിയും വെള്ളവും കൂറ്റൻപാറകളും മുകളിൽനിന്ന് ഒഴുകിയെത്തിയത്. ആ സമയം ഡ്രൈവറും രൂപേഷുംകൂടി വാഹനം തള്ളിനീക്കുകയായിരുന്നു. ഡ്രൈവർ ഓടിമാറി. വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്.
മൂന്നാർ പോലീസും അഗ്നിരക്ഷാസേന സംഘങ്ങളും രക്ഷാപ്രവർത്തനത്തിനെത്തി. നാട്ടുകാരും ഉണ്ടായിരുന്നു. ഗ്രാന്റീസും മറ്റും വളർന്നുനിൽക്കുന്ന ഒറ്റപ്പെട്ട പ്രദേശമായതിനാലും, കനത്ത മഴ തുടരുന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മണ്ണിടിച്ചിൽഭീതിയുമുണ്ടായിരുന്നു. എങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്താനായി. വാഹനത്തിനുള്ളിൽ വലിയൊരു തടി കുത്തിക്കയറിയിരുന്നു. കുണ്ടള ഭാഗത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മൂന്നാർ മേഖലയിലേക്ക്, ഇൻസ്പെക്ടർ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ കടത്തിവിട്ടു. അപകടത്തിൽപ്പെട്ട വാഹനത്തിലെ സഞ്ചാരികളെ മറ്റൊരു വാഹനത്തിൽ മൂന്നാറിലേക്ക് കൊണ്ടുപോയി. രാത്രി ഏഴുവരെ തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിട്ടില്ല. തുടർന്ന് പുലർച്ചെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. കുണ്ടളയ്ക്കുസമീപം എല്ലപ്പെട്ടി എസ്റ്റേറ്റിൽ ശനിയാഴ്ച മണ്ണിടിഞ്ഞിട്ടുമുണ്ട്. ആർക്കും അപായമില്ല. ഇടുക്കി ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.