രാത്രി ഉറക്കമൊഴിച്ച് കളി കാണുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച എം.ഡി.എം.എ. പിടിച്ചു; രണ്ടുപേര്‍ അറസ്‌റ്റില്‍
തൃശൂര്‍: മയക്കുമരുന്നുവില്‍പ്പന ശൃംഖലയില്‍ പെട്ട രണ്ടുപേര്‍ 116 ഗ്രാം എം.ഡി.എം.എയുമായി എക്‌സൈസിന്റെ പിടിയില്‍. തൃശൂര്‍ നെല്ലിക്കുന്ന് മേനാച്ചേരിനഗര്‍ സ്വദേശി മാളിയേക്കല്‍ അനീഷ് (34), കാളത്തോട് കുറിച്ചിറ്റസ്വദേശി പന്തല്ലൂക്കാരന്‍ ബെനഡിക്‌റ്റ് (32) എന്നിവരാണ് പിടിയിലായത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
നെല്ലിക്കുന്നിലെ അനീഷിന്റെ വസതിയില്‍ നിന്നാണ് എം.ഡി.എം.എ. കണ്ടെടുത്തത്. അനീഷിന്റെ കൂട്ടാളിയാണ് ബെനഡിക്‌ട്. ഇവരില്‍ നിന്നു വില്‍പ്പനയ്‌ക്കു കരുതിവെച്ച 116 ഗ്രാം എം.ഡി.എം.എ. പിടികൂടി. മയക്കുമരുന്ന് തൂക്കി വില്‍ക്കാന്‍ മൊബൈല്‍ ഫോണിന്റെ വലുപ്പത്തിലുള്ള ഇലക്‌ട്രോണിക് ത്രാസും കണ്ടെടുത്തു. മയക്ക്‌മരുന്ന് വിപണിയില്‍ വന്‍ ഡിമാന്റുള്ള ഓഫ്‌വൈറ്റ് കല്ലുകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിലകൂടിയ എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇതിന്റെ രാസമിശ്രിതം ബാഗ്ലൂര്‍ കേന്ദ്രീകരിച്ച ആഫ്രിക്കന്‍ സംഘങ്ങള്‍ക്ക് സ്വന്തമായതിനാല്‍ ഓഫ്‌വൈറ്റ് എം.ഡി.എം.എയ്‌ക്ക്് വന്‍ ഡിമാന്റാണ്.
മൂന്ന് മാസത്തോളമായി നെല്ലിക്കുന്ന്, കാളത്തോട് മേഖലകളില്‍ നടത്തി വന്ന രഹസ്യാന്വേഷണത്തിനൊടുവിലാണ് വന്‍മയക്കുമരുന്ന് ലോബിയിലുള്‍പ്പെട്ടവര്‍ പിടിയിലായത്. നിലവില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ മയക്കുമരുന്ന് വില്‍പ്പന സമയം മാറ്റിയശേഷം രാത്രി ഉറക്കമൊഴിച്ച് കളി കാണുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ വല വിരിച്ചതായി പ്രതികള്‍ സമ്മതിച്ചു. വില്‍പ്പനവഴിലഭിച്ച 29,000 രൂപയും മില്ലി ഗ്രാം മുതല്‍ തൂക്കം നോക്കുന്ന ചെറിയ ത്രാസും ചെറുകിട കച്ചവടത്തിനുള്ള പൊളിത്തീന്‍ കവറുകളും പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന്ന് 20 ലക്ഷം രൂപയിലധികം വില മതിക്കും. മണ്ണുത്തി സ്വദേശികളായ സിന്റോ എന്ന സിന്റപ്പന്‍, സജിത്ത് എന്നിവരേയും പ്രതി ചേര്‍ത്തു. ഇവര്‍ മുന്‍പും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. സ്‌ഥിരം കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ അസി. എക്‌സൈസ് കമീഷണര്‍ ഡി. ശ്രീകുമാര്‍ അറിയിച്ചു. എക്‌സൈസ് സംഘത്തില്‍ അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പക്‌ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍ പി.ബി. അരുണ്‍കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ അഷ്‌റഫ്, എന്‍.യു.ശിവന്‍, സി.ഇ.ഒമാരായ പി.വി. വിശാല്‍, കെ.ആര്‍. ശ്രീരാഗ്, എ. ജോസഫ്, വി.ബി. ശ്രീജിത് എന്നിവരുമുണ്ടായി.
ബംഗളൂരു കേന്ദ്രമായ സംഘത്തില്‍ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്നാണ് സൂചന. ഇപ്പോള്‍ പിടിയിലായ ബെനഡിക്‌റ്റില്‍ നിന്ന് നേരത്തെ 10ഗ്രാം എം.ഡി.എം.എ. നേരത്തെ പിടിച്ചെടുത്തിരുന്നു. പ്രതികളുടെ കോള്‍ ലിസ്‌റ്റ് പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂരില്‍ നേരത്തെ പിടിയിലായ മയക്കുമരുന്ന്‌കടത്ത് സംഘങ്ങളുമായി പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.