പാവപ്പെട്ടവർക്ക് സൗജന്യ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മറ്റ് ക്ഷേമ പദ്ധതികളുമായി ആസ്റ്റർ മിംസിന്റെ “ജീവനം 2023”

പാവപ്പെട്ടവർക്ക് സൗജന്യ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മറ്റ് ക്ഷേമ പദ്ധതികളുമായി ആസ്റ്റർ മിംസിന്റെ “ജീവനം 2023”

December 22, 2022 0 By Editor
നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റർ മിംസ്. ആയിരം കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വൃക്ക ദാനം ചെയ്തവർക്കും അത് സ്വീകരിച്ചവർക്കും വേണ്ടി പാലക്കാട് നടത്തിയ”കരുതലായവർക്ക് കരുതലോടെ” പരിപാടിയിലാണ്  ഷാഫി പറമ്പിൽ എംഎൽഎ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചത്.
 ഗുരുതര രോഗങ്ങൾ ബാധിച്ച നിരവധിയാളുകൾ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി സഹായഭ്യർത്ഥന നടത്തുന്നത് നാം മാധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. ലക്ഷങ്ങൾ വില വരുന്ന ഈ സർജറികൾ അവർക്ക് താങ്ങാനാവുന്നതല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ ലഭ്യമാക്കാനുള്ള ആസ്റ്റർ മിംസിന്റെ ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
കൃത്യ സമയത്ത് നടത്തുന്ന അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ രോഗികളുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങളിലും കൊണ്ടുവരുന്ന ശുഭകരമായ മാറ്റങ്ങൾ വലിയ സന്തോഷമുണ്ടാക്കുന്നതാണെന്ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീ. ലുക്മാൻ പൊന്മടത്ത് പറഞ്ഞു. അതിന്റെ തുടർച്ചയാണ് ആസ്റ്റർ മിംസ് ആഗ്രഹിക്കുന്നതെന്നും ജീവനം 2023, കൂടെ 2023 എന്നീ പദ്ധതികൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനകത്തും പുറത്ത് നിന്നുമുള്ള നിർധന കുടുംബങ്ങളിലെ 250 കുട്ടികൾക്ക് അസ്ഥിമജ്ജ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു നൽകുന്ന പദ്ധതിയാണ് “കൂടെ” എന്നും അതിന്റെ രണ്ടാം ഘട്ടമാണ് “കൂടെ 2023” എന്നും ആസ്റ്റർ മിംസ്സിലെ ഡെപ്യൂട്ടി സിഎംഎസ് ഡോക്ടർ നൗഫൽ ബഷീർ പറഞ്ഞു.
തണൽ വടകര, ആസ്റ്റർ വോളന്റിയർമാർ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെയും ആസ്റ്റർ മിംസിന്റെയും ആഗോള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിങ്ങും സംയുക്തമായാണ് കൂടെ പദ്ധതി നടപ്പാക്കുന്നത്.
“കരുതലായവർക്ക് കരുതലോടെ” സംഗമത്തിൽ അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും വൃക്കദാതാക്കൾക്കും സ്വീകർത്താക്കൾക്കും വേണ്ടി ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കും.
ആസ്റ്റർ മിംസ് കോഴിക്കോട് സി.ഒ.ഒ,ലുക്മാന്‍ പൊന്മാടത്ത്,ആസ്റ്റർ മിംസ് കോഴിക്കോട്
ഡെപ്യുട്ടി സിഎംഎസ് ഡോ. നൗഫൽ ബഷീർ,ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സീനിയർ സ്പെഷ്യലിസ്റ്റ് നേഫ്റോളജി ഡോ. സൂരജ് ശശിന്ദ്രൻ,വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബങ്ങൾ എന്നിവർക്കൊപ്പം ആസ്റ്റർ മിംസിലെ ഓഫിസ് ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു.