ഓവർ സ്പീഡിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, നാട്ടുകാർ പിന്തുടർന്നു തടഞ്ഞുനിർത്തി; കാറിൽ നിന്ന് കണ്ടെത്തിയത് തോക്കും വാളും
പ്രതീകാത്മക ചിത്രം
കൊല്ലം; റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ കാറിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കരുകോണിൽ നിന്നാണ് പ്രതികളെ അഞ്ചല്‍ പൊലീസ് പിടികൂടിയത്. അമിതവേഗതയില്‍ എത്തിയ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിര്‍ത്തി. വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു.
പോലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയിലെടുക്കുകയും വാഹനം പരിശോധിക്കുകയും ചെയ്തു. അതിനിടെയാണ് തോക്ക്, വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. തുടര്‍ന്ന് ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിടിയിലായവര്‍ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവര്‍ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.