ലോകകപ്പ് കിരീടം ആഘോഷമാക്കി ജിദ്ദയിലെ അർജന്റീന ആരാധകർ
ജിദ്ദ: 36 വർഷങ്ങൾക്ക് ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന മെസ്സിപ്പടയുടെ നേട്ടത്തിൽ പ്രവാസ ലോകത്തും ആഘോഷം തുടരുകയാണ്. ജിദ്ദയിലെ അർജന്റീന ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷ രാവ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. മലയാളികളായ ആരാധകരാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും സ്വദേശികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആഘോഷ രാവിൽ പങ്കാളികളായി.
ജിദ്ദയിലെ ഷറഫിയ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടി. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും മുന്നൂറിലേറെ ആരാധകർ അർജന്റീനയുടെ ജഴ്‌സിയണിഞ്ഞു ആഘോഷങ്ങളിൽ പങ്കെടുത്തു.
ലോകകപ്പിന്റെ മാതൃക ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച് പ്രകടനമായി ആരാധകർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ അർജന്റീന അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഒരു മീറ്റർ നീളമുള്ള കേക്ക് കട്ട് ചെയ്തു. അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രവും ഖത്തർ ലോകകപ്പിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ വീഡിയോ പ്രദർശനവും പ്രമുഖ ഗായകർ പങ്കെടുത്ത സംഗീത വിരുന്നും ഉണ്ടായിരുന്നു.
ജിദ്ദയിലെ സ്വദേശി സംഗീത വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചിൽസ് ഡി.ജെ ഗ്രൂപ്പ് ഒരുക്കിയ ഡി.ജെ ആയിരുന്നു ആഘോഷ രാവിന്റെ മുഖ്യ ആകർഷണം. ഡി.ജെയുടെ വൈവിധ്യമാർന്ന താളത്തിനൊത്ത് ആരാധകർ ചുവടുവെച്ചു. ഇരിപ്പിടത്തിൽ നിന്നെണീറ്റ ഫുട്ബാൾ പ്രേമികൾ വർണാഭമായ മിന്നൽ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ മതിമറന്നാടിയത് ആഘോഷ രാവിനെ അവിസ്മരണീയമാക്കി.
ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിപാടിയിൽ പങ്കെടുത്തവർ എഴുന്നേറ്റുിന്ന് ഒരു മിനിറ്റു നേരം മൗനം ആചരിക്കുകയും ചെയ്തു.