ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതുകൊണ്ട്- സ്വപ്‌ന സുരേഷ്

ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതുകൊണ്ട്- സ്വപ്‌ന സുരേഷ്

March 15, 2023 0 By Editor

ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്‌ന ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.

12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കര്‍ ആശുപത്രിയില്‍ ആയതുകൊണ്ടാകാം. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്‌ന ആരോപിച്ചു.

മാലിന്യ സംസ്‌കരണത്തിന് കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ചവര്‍ക്കും കൊച്ചിയിലെ ജനങ്ങള്‍ക്കും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും സ്വപ്‌ന പറഞ്ഞു. കൊച്ചിയില്‍ താമസിച്ച് നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നയാളാണ് താനും, എന്നാല്‍ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു.