കോഴിക്കോട് കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎ

കോഴിക്കോട് കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎ

March 28, 2023 0 By Editor

കോഴിക്കോട് : കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ പറഞ്ഞു.

ഒരുവര്‍ഷത്തിലേറെയായി എട്ടാം ക്ലാസുകാരി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം ലഹരി നല്‍കിയതെന്ന് കോഴിക്കോട് ചൂലൂർ സ്വദേശിയായ കുട്ടി വെളിപ്പെടുത്തുന്നു. സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ട്. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ ലഹരിയെത്തിക്കുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. രക്തസാമ്പിൾ ഉൾപ്പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ. സുദര്‍ശന്‍ വ്യക്തമാക്കി.

ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സീനിയറായ കുട്ടിയാണ് ലഹരി നല്‍കിയതെന്നും പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെൺകുട്ടി നേരത്തേ പറഞ്ഞിരുന്നു.