1400 കോടിയുടെ സ്വത്ത്; 50 ദിവസംകൊണ്ട് കൊടും ക്രിമിനൽ  അതിഖിന്റെ സാമ്രാജ്യം തകർത്ത് യോഗി സര്‍ക്കാർ

1400 കോടിയുടെ സ്വത്ത്; 50 ദിവസംകൊണ്ട് കൊടും ക്രിമിനൽ അതിഖിന്റെ സാമ്രാജ്യം തകർത്ത് യോഗി സര്‍ക്കാർ

April 15, 2023 0 By Editor

ലക്നൗ∙ ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ തകർത്തത് 50 ദിവസംകൊണ്ട്. സമാജ്‌വാദി പാർട്ടിയുടെ നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകൾ. ഇതുൾപ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ അസദ് മരിച്ചത്

1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. ‘‘അതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങൾക്കൊണ്ട് യുപി ഭരണകൂടം തകർത്തു. സഹോദരൻ അഷ്റഫ് അഹമ്മദും അതിഖിന്റെ രണ്ടു ആൺമക്കളും ജയിലിൽ തുടരും. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അസദ്. പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍മക്കൾ ജുവനൈൽ ഹോമിലും. അതിഖിന്റെ ഭാര്യ ഷെയ്സത പർവീൺ ഒളിവിലാണ്’’ – ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മറ്റുപലരുടെയും ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഈ ഷെൽ കമ്പനികളെന്ന് ഇഡി നടത്തിയ റെയ്ഡിൽ തെളിഞ്ഞിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡിയുടെ 15 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നൂറിലധികം ക്രിമിനൽ കേസുകൾ അതിഖിന്റെ പേരിലുണ്ടെങ്കിലും പലപ്പോഴും ജാമ്യം നേടി സ്വതന്ത്രനായി വിലസുകയായിരുന്നു പതിവ്. ഇയാൾക്കെതിരെ ആദ്യകേസ് ഫയൽ ചെയ്യുന്നത് 1979ലാണ്. അന്നും പിന്നീടും പല കേസുകളിലും സാക്ഷികൾ കൂറുമാറുകയോ അവരെ കാണാതാകുകയോ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും ഇയാളെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞില്ല.

ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് ഇപ്പോൾ അതിഖ് അഹമ്മദ് ജയിലിൽ ആയിരിക്കുന്നത്. കഴിഞ്ഞ മാസം ഇയാൾ ഈ കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു.