അരിക്കൊമ്പനെ കാടുകടത്തി; പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു” മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

അരിക്കൊമ്പനെ കാടുകടത്തി; പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു” മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

April 30, 2023 0 By Editor

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളെ വിറപ്പിച്ച അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് ജനവാസ മേഖലയായ കുമളിയിൽനിന്നു 23 കിലോമീറ്റർ അകലെയുള്ള സീനിയറോഡയിൽ തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ.

കനത്ത മഴ മൂലം വനത്തിനുള്ളിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. പ്രതികൂല കാലാവസ്ഥയും അരിക്കൊമ്പന്‍റെ അപ്രതീക്ഷിത ചെറുത്തുനിൽപ്പുമടക്കം കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 150 അംഗ സംഘം 12 മണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. 30 വർഷത്തിലേറെ മൂന്നാർ മേഖലയിലെ മലമടക്കുകളിൽ വിഹരിച്ച അരിക്കൊമ്പന്‍റെ പുതിയ താവളം കുമളി മേഖലയിലെ പെരിയാർ വന്യജീവി സങ്കേതമാണ്.

ആദ്യദിവസം ഒമ്പതുമണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കാണാൻപോലുമാകാതെ ദൗത്യം അവസാനിപ്പിച്ച സംഘം കൂടുതൽ മികച്ച ആസൂത്രണത്തോടെയാണ് ശനിയാഴ്ച രാവിലെ ആറോടെ ജോലികൾ പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ശങ്കരപാണ്ഡ്യൻമേട്ടിലെ ചോലയിൽ കണ്ടെത്തിയ ആനയെ ദൗത്യമേഖലയിൽ എത്തിച്ച് അഞ്ച് മയക്കുവെടികളിലൂടെയാണ് പിടികൂടിയത്. ലോറിയിൽ (അനിമൽ ആംബുലൻസ്) കയറ്റുക എന്നതായിരുന്നു പിന്നീടുള്ള ഏറ്റവും ശ്രമകരമായ ദൗത്യം.

മയങ്ങിനിന്ന അരിക്കൊമ്പനെ നാല് കുങ്കിയാനകൾ വളഞ്ഞു. സ്ഥലത്തേക്ക് എക്സ്കവേറ്റർ ഉപയോഗിച്ച് വഴിയൊരുക്കുകയും ഇരുവശത്തുനിന്നും ആനയുടെമേൽ വെള്ളം ഒഴിക്കുകയും ചെയ്തു. നാല് കാലുകളും വടംകൊണ്ട് ബന്ധിച്ചു. കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി. തുടർന്ന്, ലോറിയിൽ തള്ളിക്കയറ്റാൻ കുങ്കിയാനകൾ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ വഴങ്ങിയില്ല.

ഒരു ഘട്ടത്തിൽ കുങ്കിയാനകളെ ആക്രമിക്കാൻ മുതിരുകയും കണ്ണിലെ തുണിയും രണ്ട് കാലുകളിലെ വടവും കുടഞ്ഞെറിയുകയും ചെയ്തു. ഇതിനിടെ, കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തെ കടുത്ത പ്രതിസന്ധിയിലാക്കി. പിന്മാറാതെ ശ്രമം തുടർന്ന കുങ്കിയാനകൾ അവസാനംവരെ ചെറുത്തുനിന്ന അരിക്കൊമ്പനെ കോരിച്ചൊരിയുന്ന മഴക്കിടെ വൈകീട്ട് അഞ്ചോടെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.