മലയാള സിനിമയിലേക്ക് വിദേശത്തുനിന്നും പണമൊഴുക്ക്;  നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴയടച്ചതായി റിപ്പോർട്ട്

മലയാള സിനിമയിലേക്ക് വിദേശത്തുനിന്നും പണമൊഴുക്ക്; നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴയടച്ചതായി റിപ്പോർട്ട്

May 11, 2023 0 By Editor

മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. hawala-dealings-in-malayalam-cinema മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ നിരീക്ഷിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെ ഇഡി ചോദ്യം ചെയ്തു. കടുവ, ജനഗണമന, ഉസ്താദ് ഹോട്ടൽ തുടങ്ങീ സിനിമകളുടെ നിർമ്മാതാവാണ് ലിസ്റ്റൻ സ്റ്റീഫൻ.

മലയാളത്തിലെ നടൻ കൂടിയായ നിർമാതാവ് വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്.

സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിർമാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിർമാതാക്കൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.

പൃഥ്വിരാജുമായി ചേർന്ന് ലിസ്റ്റൺ എടുത്ത നാലു സിനിമകൾക്ക് 50 കോടിയിൽ അധികം ലാഭം കിട്ടിയെന്നും വിലയിരുത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകളാണ് ആദായ നികുതി വകുപ്പ് നടത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഭാവിയിൽ പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതുകൊണ്ട് പൃഥ്വിരാജാണ് പിഴ അടച്ചതെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതെ സമയം എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകള്‍ക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.