‘പൂജ നടത്തിയത് വാച്ചർമാരുടെ അനുമതിയോടെ; അയ്യപ്പനുവേണ്ടി മരിക്കാനും തയാർ’
തിരുവനന്തപുരം: വനം വകുപ്പ് വാച്ചർമാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് പൂജ നടത്തിയതെന്ന് വനം വകുപ്പ് കേസെടുത്ത നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് നാരായണ സ്വാമി പൂജ ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ വനം വകുപ്പ് കേസെടുക്കുകയും ദേവസ്വം മന്ത്രി അന്വേഷണത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു.
വാച്ചർമാരാണ് പൊന്നമ്പലമേട്ടിൽ പ്രവേശിക്കാന്‍ അനുമതി നൽകിയതെന്നും വേണ്ട സഹായങ്ങൾ ചെയ്തതെന്നും നാരായണ സ്വാമി പറഞ്ഞു. ‘‘തൃശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം. മുന്‍പ് ശബരിമല കീഴ്‌ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വർഷവും ശബരിമലയില്‍ സന്ദർശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീർഥാടകനുമാണ്.
തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്‍ഥിക്കാറുണ്ട്. ഹിമാലയത്തിൽ അടക്കം പോകുമ്പോഴും ഇങ്ങനെയാണു ചെയ്യാറുള്ളത്. പൊന്നമ്പലമേട്ടിൽ പോയപ്പോൾ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങൾ കൊണ്ടു വന്നവരാണ്. പൊന്നമ്പല മേട്ടിൽ പൂജ നടത്തിയാൽ എന്താണ് തെറ്റ്?. അയ്യപ്പനുവേണ്ടി മരിക്കാന്‍ കൂടി തയാറാണ്’’– നാരായണ സ്വാമി പറഞ്ഞു.
ആദ്യമായാണ് പൊന്നമ്പലമേട്ടിൽ പോകുന്നത്. പൊന്നമ്പലമേട് അതീവ സുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. പൊലീസിൽനിന്നോ വനം വകുപ്പിൽനിന്നോ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും നാരായണ സ്വാമി പറഞ്ഞു.