പങ്കാളിയെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

പങ്കാളിയെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

May 19, 2023 0 By Editor

കോട്ടയം: കോട്ടയത്ത് മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം.കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയാണ് മരിച്ച കാത്തിരത്തുംമൂട്ടിൽ ജൂബി (26).

അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ച് ഇവര്‍ വാര്‍ഡ് മെമ്പറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ജൂബിയുടെ പിതാവ് ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഭര്‍ത്താവിനെ കാണാതായതും സംശയമുയര്‍ത്തുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പങ്കാളി കൈമാറ്റ കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും അന്ന് പുറത്തുവന്നിരുന്നത്. അതിനുശേഷം ഭര്‍ത്താവുമായി അകന്ന് വീട്ടില്‍ കഴിയുകയായിരുന്നു യുവതി. രാവിലെ യുവതിയുടെ പിതാവും സഹോദരനും ജോലിക്കും മക്കള്‍ കളിക്കാനും പോയ സമയത്താണ് കൊലപാതകം.

ഫെയ്സ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവ വഴിയാണ് കറുകച്ചാല്‍ പങ്കാളി കൈമാറ്റക്കേസില്‍ ഉള്‍പ്പെട്ടവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കുക്ക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നതെന്നും അന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് അന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് വരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കിയിരുന്നു.