അരിക്കൊമ്പന്‍ സാധുവായ കാട്ടാന, പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്ന് തമിഴ്നാട് മന്ത്രി

അരിക്കൊമ്പന്‍ സാധുവായ കാട്ടാന, പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്ന് തമിഴ്നാട് മന്ത്രി

June 2, 2023 0 By Editor
മിഷന്‍ അരിക്കൊമ്പന്‍ തുടരാനാണ് തീരുമാനമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂവെന്നും മന്ത്രി കുമളിയില്‍ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് അഞ്ചാംദിവസം പൂര്‍ത്തിയാക്കുകയാണ്. ആന ഷണ്‍മുഖനദി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലൂണ്ടെന്നാണ് റേഡിയോ കോളര്‍ സിഗ്‌നലില്‍ നിന്ന് മനസിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പന്‍ ഈ മേഖലയില്‍ തുടരുകയാണ്.
തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവര്‍ക്കൊപ്പമുണ്ട്, ജനവാസ മേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്. അരിക്കൊമ്പന്റെ സാന്നിദ്ധ്യം മൂലം മേഘമലയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.