‘അത് ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’: കണ്ണൂരിലെ ട്രെയിൻ തീവയ്പിന് എലത്തൂർ കേസുമായി ബന്ധമോ ?

കൊച്ചി ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കുന്നു. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽത്തന്നെയാണു രണ്ടുതവണയും തീയിട്ടത്. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

‘അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’ എന്ന, വ്യാപക അർഥം കൽപിക്കാവുന്ന മൊഴി ഷാറുഖ് സെയ്ഫി നൽകിയിരുന്നു. അതിനു പരസ്പര ബന്ധമില്ലാത്ത വിശദീകരണങ്ങളാണു പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി നൽകിയത്. കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമായേക്കും.

എൻഐഎ റജിസ്റ്റർ ചെയ്ത തീവ്രവാദ റിക്രൂട്മെന്റ് കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ‌ ബിഹാർ, കർണാടക എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയ എൻഐഎ സംഘം ചൊവ്വാഴ്ച കാസർകോട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും റെയ്ഡ് നടത്തിയിരുന്നു. ഈ സംഘത്തോടു കേരളത്തിൽ തുടരാൻ ഡയറക്ടറേറ്റിൽ നിന്നു നിർദേശിച്ചിട്ടുണ്ട്. എലത്തൂർ കേസ് അന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ എൻഐഎ സംഘവുമായും ഇവർ ആശയവിനിമയം നടത്തി. ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളുമായി ട്രെയിൻ തീവയ്പിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ പ്രത്യേക കോടതി ഇന്നലെ രണ്ടാഴ്ചത്തേക്കു കൂടി റിമാൻഡ് ചെയ്തു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ മാനസിക, ശാരീരിക ആരോഗ്യനില വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡിനെക്കൊണ്ടു പരിശോധിപ്പിക്കും. 2 മാനസികാരോഗ്യവിദഗ്ധർ അടക്കം 4 ഡോക്ടർമാർ സംഘത്തിലുണ്ടാവണം. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഷാറുഖ് പരാതിപ്പെട്ടിരുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story