
ശുചിമുറികളുടെ ഗ്രില്ലുകൾ തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല: കോഴിക്കോട്ട് ബോയ്സ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയതിൽ ഗുരുതരവീഴ്ച
June 25, 2023കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബോയ്സ് ഹോമിൽനിന്ന് 4 കുട്ടികൾ ചാടി പോയ സംഭവത്തിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സിഡബ്ല്യുസി റിപ്പോർട്ട്. ഹോം സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ഒന്നേകാൽ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകൾ തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല എന്നതു ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.
മുഴുവൻ സമയവും സൂപ്രണ്ടിന്റെ സേവനം വേണമെന്ന ജെജെ ആക്ടും പാലിക്കപ്പെട്ടില്ല. കുട്ടികൾക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളോ ചികിത്സയോ പരിഗണനയോ ഇവിടെ ലഭിക്കുന്നില്ല. ഈ റിപ്പോർട്ട് വനിതാ ശിശു വികസന സമിതി ഡയറക്ടർക്ക് കൈമാറി. കുട്ടികൾ പുറത്തു പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി സിഡബ്ല്യുസി നേരത്തെ മുന്നറിയിപ്പു നൽകിയിട്ടും ഇത് അവഗണിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ബാലാവകാശ കമ്മിഷൻ അംഗം നാളെ നേരിട്ട് ഹോമിൽ തെളിവെടുപ്പ് നടത്തും. കുട്ടികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും.