നിപ വൈറസ്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാളെ ആദരം
കോഴിക്കോട്: നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. നാളെ വൈകീട്ട് നടക്കുന്ന സ്‌നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നാടിനെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ പിടിച്ച് കെട്ടാന്‍ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയത്. ആരോഗ്യ വകുപ്പ് നടത്തിയ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നിപ്പ വൈറസിനെ നിയന്ത്രണ വിധേയമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍നോട്ടത്തില്‍ മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചര്‍, ടിപി. രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത് .ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും ഒരു മനസോടെ ഒറ്റക്കെട്ടായി അണി ചേര്‍ന്നു.
നിപ്പക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ പോലും പണയം വെച്ച് അണി നിരന്നവരെയാണ് കോഴിക്കോട് പൗരാവലി ആദരിക്കുന്നത് .ഞായറാഴ്ച വൈകീട്ട് നടക്കുന്ന സ്‌നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയുമെന്ന് മേയര്‍ തോട്ടത്തില്‍ രവിന്ദ്രന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി തുടങ്ങിയവര്‍ അറിയിച്ചു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.