‘‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? ; മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുതെന്ന് എം.ടി.രമേശ്
മുഖ്യമന്ത്രിയുടെ മകൾ വീണ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, മന്ത്രി കൂടിയായ ഭർത്താവ് മുഹമ്മദ് റിയാസ് പ്രതികരിക്കണമെന്ന് വാശി പിടിക്കരുതെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. അങ്ങനെയൊരു ആനുകൂല്യം അദ്ദേഹത്തിനു നൽകണമെന്ന് എം.ടി.രമേശ് പരിഹസിച്ചു. സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന മുഹമ്മദ് റിയാസ്, ഈ വിഷയത്തിൽ മൗനം തുടരുന്നതിനെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രമേശിന്റെ പരിഹാസം.
‘‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? അത് സ്വാഭാവികല്ലേ? ആ ആനുകൂല്യം നിങ്ങൾ അദ്ദേഹത്തിനു കൊടുക്കണം. ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കണമെന്ന് നിങ്ങൾ വാശി പിടിക്കരുത്.’ – എം.ടി.രമേശ് പറഞ്ഞു.
സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയത് മകളാണെങ്കിലും, അത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന ആരോപണവും രമേശ് ഉന്നയിച്ചു. പുതുപ്പള്ളിയിൽ സഖ്യകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർഥിയെ സിപിഎം പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുകൂട്ടരും ദേശീയ തലത്തിൽ ഒരുമിച്ചു മത്സരിക്കാൻ ധാരണയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് രമേശിന്റെ പരിഹാസം.
‘‘പുതുപ്പള്ളിയിൽ സത്യത്തിൽ ത്രികോണ മത്സരമൊന്നുമില്ല. അവിടെ ഐഎൻഡിഐഎ മുന്നണിയും എൻഡിഎ മുന്നണിയും തമ്മിലുള്ള മത്സരമാണ്. സിപിഎം അവിടെ സ്ഥാനാർഥിയെ നിർത്തേണ്ട കാര്യമില്ല. കാരണം, സിപിഎമ്മിന്റെ ഒരു സഖ്യകക്ഷിയാണ് അവിടെ മത്സരിക്കുന്നത്. അവർ ഒരുമിച്ച് ബാംഗ്ലൂരിൽ യോഗം ചേർന്ന്, ഒരു മുന്നണിയുണ്ടാക്കി, കൈകോർത്തു പിടിച്ച് ഒന്നിച്ചാണ് ഈ രാജ്യത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രഖ്യാപിച്ചതാണ്. ഒരു മുന്നണിക്ക് എന്തിനാണ് രണ്ട് സ്ഥാനാർഥികൾ? കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക്, ആ സ്ഥാനാർഥിക്ക് സിപിഎം പിന്തുണ കൊടുക്കുകയാണ് വേണ്ടത്. ഇനി എൻഡിഎയുടെ സ്ഥാനാർഥിയാണ് വരേണ്ടത്. അതുകൊണ്ട് എൻഡിഎയും ഐഎൻഡിഐഎയും തമ്മിലാണ് ഞങ്ങൾ മത്സരം പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് വേണ്ടത്.’
മാസപ്പടി നൽകിയ സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുമായി ബിജെപി നേതാക്കൾക്കുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ രമേശിന്റെ പ്രതികരണം ഇങ്ങനെ:
‘‘അടുപ്പം എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരുമായും അടുപ്പമുണ്ടല്ലോ. അതിലൊന്നും വലിയ കാര്യമില്ല. വിഷയമാണല്ലോ പ്രധാനം. ബിജെപിക്ക് അദ്ദേഹവുമായി ബന്ധമില്ല. ബിജെപിക്കാർക്ക് വ്യക്തിപരമായി ബന്ധമുണ്ടാകും. അദ്ദേഹം കേരളത്തിലെ ഒരു വ്യവസായിയല്ലേ? വ്യവസായികളുമായി ബിജെപിക്കാർക്ക് ബന്ധമുണ്ടായിക്കൂടേ?’
‘‘സിപിഎമ്മുകാർ ഒരു വ്യവസായിയിൽനിന്ന് സംഭാവന വാങ്ങുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. ഇത് സംഭാവനയല്ല. മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത് മാസപ്പടിയാണ്. ഇങ്ങനെയൊരു വിഷയം ഈ രാജ്യത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി പറ്റുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് മകൾ മാസപ്പടി വാങ്ങിയത്. അതായത് മുഖ്യമന്ത്രിക്കു വേണ്ടിയാണ് മാസപ്പടി വാങ്ങിയത്. അത് മകളിലൂടെ ആണെന്നേയുള്ളൂ. ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ? ഇതും അന്വേഷിക്കണം, ഇങ്ങനെ എത്ര കമ്പനികളിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നും അന്വേഷിക്കണം.’ – രമേശ് ആവശ്യപ്പെട്ടു.