മലപ്പുറത്തെ കൊലപാതകം: സുജിതയെ കാണാതായ വിവരം ഫെയ്സ്ബുക്കിൽ ആദ്യം പങ്കുവെച്ചത് വിഷ്ണു
മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതലാണ് കാണാതായത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസിൽ പരാതിയും നിലവിലുണ്ടായിരുന്നു.
ഓഗസ്റ്റ് പതിനൊന്നിന് ഉച്ചയ്ക്ക് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് കൃഷിഭവനിൽ നിന്ന് സുജിത ഇറങ്ങുന്നത്. പിന്നീട് സുജിതയെ കുറിച്ച് ബന്ധുക്കൾക്ക് വിവരമൊന്നും ഉണ്ടായില്ല. രാവിലെ തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്‌ളാദപ്രകടനം നടക്കുമ്പോഴും സുജിതയുണ്ടായിരുന്നു. സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ കൂടാതെ, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു വിഷ്ണു. സുജിതയുടെ സുഹൃത്തും പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ് ഇയാൾ സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ്. സുജിതയുടെ ഫോണിൽ നിന്ന് അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
തിരോധാനവുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലെ പറമ്പിലുള്ള മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ചിരുന്നു.