
പ്രമേഹമുള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ ? അറിയാം
August 23, 2023പ്രമേഹരോഗം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാലിതിനെ നിസാരമാക്കി തള്ളിക്കളയാനേ സാധിക്കില്ല. കാരണം വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോയില്ല എന്നുണ്ടെങ്കില്‍ പ്രമേഹം തീര്‍ച്ചയായും അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം.
ഹൃദയത്തിനും വൃക്കയ്ക്കും കണ്ണിനും എല്ലാം ‘റിസ്ക്’ ആണ് പ്രമേഹം. രക്തത്തിലെ ഷുഗര്‍നില ഉയരുന്ന അവസ്ഥയാണല്ലോ പ്രമേഹം. അതിനാല്‍ തന്നെ ഷുഗര്‍ അഥവാ മധുരം നിയന്ത്രിക്കുന്നതിലൂടെയാണ് കാര്യമായും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുക. അങ്ങനെയെങ്കില്‍ ഭക്ഷണത്തില്‍ തന്നെയാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്നത് വ്യക്തമായല്ലോ.
മധുരമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുമ്പോഴോ നിയന്ത്രിക്കുമ്പോഴോ പലര്‍ക്കും വരാറുള്ളൊരു സംശയമാണ്, ഇക്കൂട്ടത്തില്‍ പഴങ്ങളും (ഫ്രൂട്ട്സ്) ഒഴിവാക്കേണ്ടതുണ്ടോ എന്നത്. മിക്ക പഴങ്ങളിലും ‘നാച്വറലി’ തന്നെ മധുരമടങ്ങിയിട്ടുണ്ടാകും. എന്നാല്‍ മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ പഴങ്ങളൊന്നും പ്രമേഹരോഗികള്‍ക്ക് അത്ര ഭീഷണിയല്ല. അപ്പോഴും വളരെ ശ്രദ്ധിച്ചുവേണം ഡയറ്റ് ക്രമീകരിക്കാൻ.
ഇത്തരത്തില്‍ പ്രമേഹരോഗികള്‍ നേന്ത്രപ്പഴം ഒഴിവാക്കേണ്ടതുണ്ടോ എന്ന സംശയവും ധാരാളം പേരില്‍ കാണാറുണ്ട്. നേന്ത്രപ്പഴത്തില്‍ സാമാന്യം മധുരമുണ്ടല്ലോ എന്നതുതന്നെ ഈ സംശയത്തിന് പിന്നിലെ കാര്യം.
നേന്ത്രപ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട് ഫൈബറിനാല്‍ സമ്പന്നമായതിനാല്‍ തന്നെ ദഹനം സുഗമമാക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്ഡറ്സ്, ഫൈറ്റോ ന്യൂട്രിയന്‍റ്സ് എന്നിങ്ങനെ ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമാകുന്ന ഘടകങ്ങളുടെയെല്ലാം സ്രോതസാണ് നേന്ത്രപ്പഴം.
ഹൃദയാരോഗ്യത്തിനും, വണ്ണം കുറയ്ക്കാനും, വൃക്കയുടെ ആരോഗ്യത്തിനും അങ്ങനെ പലതിനും ഇത് ഗുണകരമായി വരും.
പ്രമേഹരോഗികള്‍ക്കും തീര്‍ച്ചയായും നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. ദീര്‍ഘനേരത്തേക്ക് വിശപ്പിനെ ശമിപ്പിക്കും എന്നതിനാല്‍ മറ്റ് ഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിക്കുന്നത് തടയാൻ നേന്ത്രപ്പഴത്തിനാകും. ഇത് പ്രമേഹമുള്ളവര്‍ക്ക് ഗുണമാണ് ചെയ്യുക. എന്നാല്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം പ്രമേഹമുള്ളവര്‍ നേന്ത്രപ്പഴം കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണമിത് രക്തത്തിലെ ഷുഗര്‍നില പെട്ടെന്ന് ഉയരുന്നതിന് കാരണമാകാം. മറ്റുള്ള സമയങ്ങളില്‍ കഴിക്കാവുന്നതാണ്.
അതേസമയം, മിതമായ അളവില്‍ തന്നെയേ പ്രമേഹരോഗികള്‍ നേന്ത്രപ്പഴം കഴിക്കാവൂ. മധുരമെന്തെങ്കിലും കഴിക്കണമെന്ന് വല്ലാത്ത കൊതി തോന്നിയാലൊക്കെ പ്രമേഹമുള്ളവര്‍ക്ക് സധൈര്യം തെരഞ്ഞെടുക്കാവുന്ന ഭക്ഷണമാണ് നേന്ത്രപ്പഴം. മിതമായ അളവില്‍ നേന്ത്രപ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് പഴുപ്പെത്താത്ത നേന്ത്രപ്പഴമാണത്രേ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്.
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkralakerala.com does not claim responsibility for this information…