ടാങ്കര്‍ലോറി അപകടത്തില്‍പ്പെട്ട് ചോര്‍ന്നത് 19,400 ലിറ്റര്‍ ഡീസല്‍, മൂന്നാംദിവസം സമീപത്തെ കിണറ്റില്‍ വന്‍തീപിടുത്തം, നടുക്കം

മലപ്പുറം: ഡീസല്‍ ടാങ്കര്‍ലോറി അപകടത്തില്‍പ്പെട്ടതിന്റെ മൂന്നാംദിവസം സമീപത്തിലെ കിണറ്റില്‍ വന്‍തീപിടുത്തം. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാലഭാഗത്താണ് സംഭവം. പരിയാപുരം കോണ്‍വെന്റിന്റെ കിണറാണ് മണിക്കൂറുകള്‍ നിന്ന് കത്തിയത്.

മോട്ടോര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച വെള്ളം പമ്പിങ് നടത്താന്‍ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയത്. മുപ്പതോളം അന്തേവാസികളും സിസ്റ്റര്‍മാരുമാണ് കോണ്‍വെന്റിലുള്ളത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.

കിണറ്റില്‍ നിന്നും ഏറെ നേരം കഴിഞ്ഞ് പുറത്തേക്ക് തീ ആളിയപ്പോഴാണ് സമീപത്തുള്ളവര്‍ കാണുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ സമീപത്തായി ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍തോതില്‍ ഡീസല്‍ ചോര്‍ന്നിരുന്നു.

20,000 ലിറ്ററുള്ള ടാങ്കില്‍ നിന്ന് 19,400 ലീറ്ററും ചോര്‍ന്നു. ഈ ചോര്‍ന്ന ഡീസല്‍ മണ്ണില്‍ പരന്ന് കിണറ്റില്‍ കലര്‍ന്നാണ് തീപിടിച്ചത്. അപകടം നടന്നതിന് 200 മീറ്റര്‍ സമീപം കൊള്ളറേറ്റ് മറ്റത്തില്‍ ബിജു ജോസഫിന്റെ കിണറ്റിലും വന്‍തോതില്‍ ഡീസലെത്തി.

Related Articles
Next Story