എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കോളേജില്‍ കുത്തേറ്റ് മരിച്ചു: ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കൊച്ചി: എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.

എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം കൂടിയായ അഭിമന്യു(20)വിനെയാണ് ഒരു സംഘം കുത്തിക്കൊന്നത്. രാത്രി 12 മണിയോടെയാണ് കുത്തേറ്റത്. മഹാരാജാസിലെ രണ്ടാം വര്‍ഷ ഫിലോസഫി ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിമന്യു. ഇടുക്കി വട്ടവട സ്വദേശിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പ്രവേശനോത്സവത്തോട് അനുബന്ധിച്ചുള്ള എസ്.എഫ്.ഐ യുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘത്തിനു നേരെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. അവരുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ചുള്ള ആക്രമണം കൊലപാതകത്തിലാണ് കലാശിച്ചത്.

അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവമറിഞ്ഞ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് കേന്ദ്രീകരിച്ചത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. തിങ്കളാഴ്ചത്തെ പ്രവേശനോത്സവം മാറ്റി വച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story