ദേഹത്ത് മുറിവ്, വീട്ടിൽ രക്തക്കറ; സഹോദരിമാർ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തിൽ അടിമുടി ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയർത്തുന്നത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമിക്കുമ്പോഴാണിയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിപ്പോകുന്നതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്നനിലയിലായിരുന്നു. സഹോദരിമാർ രണ്ടുപേരും രണ്ട് വീടുകളിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർ ഒരുവീട്ടിലെത്തിയതും ആ സമയത്ത് പുറത്തുനിന്നൊരാൾ ഇവിടെ എത്തിയതിനുമെല്ലാം കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗൺസിലർ പറയുന്നു. രണ്ട് വീട്ടിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽനിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താൻ. സമീപത്ത് മറ്റ് വീടുകളുമില്ല. 20 വർഷംമുമ്പാണ് ഇവർ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. പത്മിനി സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനനസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതായുമാണ് പോലീസിന് ലഭിച്ച വിവരം.
ഇവരിൽനിന്ന് സ്വർണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആൾ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാൾ പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.