അശരണര്‍ക്ക് പാര്‍പ്പിടമൊരുക്കി മണപ്പുറവും ലയണ്‍സ് ഇന്റര്‍നാഷണലും

അശരണര്‍ക്ക് പാര്‍പ്പിടമൊരുക്കി മണപ്പുറവും ലയണ്‍സ് ഇന്റര്‍നാഷണലും

October 6, 2023 0 By Editor

അങ്കമാലി : കറുകുറ്റി ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് മണപ്പുറം ഫൗണ്ടേഷന്‍ നിര്‍ദ്ധനരായ പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നു. പാര്‍പ്പിടം പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയും ലയണ്‍സ് ക്ലബ്ബ് പ്രസ്ഥാനത്തിന്റെ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ വി പി നന്ദകുമാര്‍ നിര്‍വഹിച്ചു.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ അധ്യക്ഷയായിരുന്നു. എം എല്‍ എ റോജി എം ജോണ്‍, ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്ജ് ഡി ദാസ് എന്നിവര്‍ പ്രസംഗിച്ചു.

സേവന പ്രവര്‍ത്തനങ്ങളില്‍ നൂറ്റിയഞ്ചു വര്‍ഷത്തെ ചരിത്രമുള്ള ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് 318, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ നിര്‍ധനര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് പാര്‍പ്പിടം പ്രൊജക്റ്റ്. പദ്ധതിക്ക് കീഴില്‍ ഇതിനോടകം ഇരുപത്തിനാല് വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി കറുകുറ്റി ലയണ്‍സ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗം അനുവദിക്കുന്ന തുക കൂടി ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ രാജന്‍ എന്‍ നമ്പൂതിരി, കെ ബി ഷൈയിന്‍ കുമാര്‍, ലയണ്‍സ് ക്ലബ്ബ് കറുകുറ്റി പ്രസിഡന്റ് ലിന്റോ പി പൈനാടത്ത്, സെക്രട്ടറി സുനില്‍ അറക്കളം, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, മെമ്പര്‍ ഷൈനി ജോര്‍ജ്ജ്, ക്ലബ്ബ് പ്രതിനിധികളായ ടി പി സാജി, പീറ്റര്‍ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് സാജു, വി എസ് ജയേഷ്, സി ജി ശ്രീകുമാര്‍, പാര്‍പ്പിടം പദ്ധതി സെക്രട്ടറി സി ജെ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

best malayalam news portal in kerala