'രാവിലെ ഏഴിന് ഹാളിലെത്തി; രണ്ടിടത്തായി നാലു ബോംബ് വെച്ചു; പിന്‍നിരയില്‍ ഇരുന്ന് സ്‌ഫോടനം മൊബൈലില്‍ ചിത്രീകരിച്ചു'; ഡൊമിനിക് ബോംബ് വെച്ച ഹാളില്‍ ഭാര്യാമാതാവും

കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്തെ വീട്ടില്‍ വെച്ചാണെന്ന് പൊലീസ്. ഫോര്‍മാനാണ് ഇയാള്‍. അതുകൊണ്ടു തന്നെ സാങ്കേതിക അറിവുണ്ട്. വീട്ടില്‍ ഡൊമിനിക് ഒറ്റയ്ക്കാണ് കിടക്കുന്നത്. ഈ മുറിയില്‍ വെച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

സ്‌ഫോടനം നടക്കുമ്പോള്‍ ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യാമാതാവും ഹാളില്‍ ഉണ്ടായിരുന്നു. ഇയാള്‍ തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യാമാതാവും ഹാളിലുണ്ട് എന്നതുകൊണ്ട് കൃത്യത്തില്‍ നിന്നും പിന്മാറിയില്ല. സ്‌ഫോടനത്തില്‍ ഭാര്യാമാതാവിന് പരിക്കേറ്റില്ലെന്നും ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

രണ്ടു ബിഗ് ഷോപ്പറുകളിലായാണ് ബോംബ് കൊണ്ടുവന്നത്. ഹാളില്‍ രണ്ടിടത്തായി നാലു ബോംബ് വെച്ചു. പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് ബോംബ് നിര്‍മ്മിച്ചത്. ആരുടേയും സഹായം തേടിയില്ല. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് പഠിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാനായി ഡൊമിനിക്ക് മാര്‍ട്ടിന്റെ യൂ ട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുകയാണ്.

ടിഫിന്‍ ബോക്‌സില്‍ അല്ല , പ്ലാസ്റ്റിക് കവറിലാക്കിയാണ് ബോംബ് കൊണ്ടു വെച്ചത്. രാവിലെ ഏഴുമണിക്ക് സ്‌കൂട്ടറിലാണ് ബോംബുമായി എത്തിയത്. ബോംബു വെച്ചശേഷം ഹാളിന് പിന്നില്‍ പോയിരുന്നു. പിന്നീട് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. എല്ലാത്തിന്റേയും ബില്ലുകളും വാങ്ങിയിരുന്നു. എറണാകുളത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നാണ് 50 ഗുണ്ടുകള്‍ വാങ്ങിയത്.
തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷമായിരുന്നു സ്‌ഫോടനം നടത്തിയത്.

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്ഥാപിച്ചത്. 2300ഓളം വരുന്ന ആള്‍ക്കൂട്ടത്തിനിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്. ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story