കട്ടൻ കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ ? പഠനങ്ങൾ പറയുന്നതിങ്ങനെ !
കട്ടൻ കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പക്ഷെ, കാപ്പിയിൽ മധുരം ചേർക്കരുത്. ഒരോ കപ്പ് മധുരമില്ലാത്ത കട്ടൻ കാപ്പി കുടിക്കുമ്പോഴും അമിത ശരീരഭാരത്തിൽ നിന്ന് 0.12 കിലോ വീതം കുറയുമെന്നാണ് പഠനത്തിൽ പറയുന്നത്. കാപ്പിയിൽ പഞ്ചസാര ചേർത്താൽ ഈ ഗുണം കിട്ടില്ല.
അതേസമയം, പാലുത്‌പന്നങ്ങളോ ക്രീമോ ചേർത്ത കാപ്പി ശരീരഭാരം നിയന്ത്രിക്കാൻ സ്വാധീനം ചെലുത്തില്ലെന്നും ഗവേഷകർ കണ്ടെത്തി. ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. കാപ്പി ശരീരത്തെ ചൂടാക്കി കലോറി കത്തിക്കുന്നതാകാം മധുരമില്ലാത്ത കട്ടൻകാപ്പി ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ. കാപ്പി വിശപ്പ് കെടുത്താനും ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ക്രോറോജെനിക് ആസിഡ്, പോളിഫെനോളുകൾ എന്നിവ പോലുള്ള ബയോആക്ടീവ് ഘടകങ്ങൾ ഇൻസുലിൻ സംവേദനത്വവും ഗ്ലൂക്കോസ് ചയാപചയവും മെച്ചപ്പെടുത്തുമെന്നതും ഭാരം കുറയാൻ അനുകൂല ഘടകങ്ങളാണ്. വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കാനും കാപ്പി സഹായിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.