കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക്ക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ അന്വേഷണസംഘം; മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് നിഗമനം

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്‍റെ മൊഴി പൂർണമായുംവിശ്വസിക്കാതെ അന്വേഷണസംഘം. ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കാതിരിക്കുന്നത്.

പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും തീരുമാനം. പ്രതിയെ തീവ്രവാദ സംഘങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനം അന്വേഷണസംഘം തള്ളിക്കളയുന്നില്ല. കേന്ദ്ര ഏജൻസികളും പ്രതിയെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തില്ല. അതേസമയം കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലുണ്ടായ സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍.

21 അംഗ പ്രത്യേക അന്വേഷണസംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജുജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story