കർഷകരോടുള്ള അവ​ഗണനയുടെ അവസാന ഇരയാണ് പ്രസാദ്, സംസ്ഥാനത്ത് ഭയാനകമായ സാമ്പത്തികപ്രതിസന്ധി- വി.ഡി സതീശൻ

കൊച്ചി: കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.…

കൊച്ചി: കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കടക്കെണിമൂലം ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പി.ആര്‍.എസ് വഴിയാണ് പണം നല്‍കുന്നത്. എന്നാല്‍, ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഈ രീതിയില്‍ കൊടുക്കുന്ന പണം വായ്പയായിട്ടാണ് കണക്കാക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ് ബാധകമാകുന്നതോടെ കര്‍ഷകന് മറ്റൊരു വായ്പയും ലഭിക്കാതാകുന്നു.

അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ സര്‍ക്കാറിനോടൊരു പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇനിയും സംസ്ഥാനത്തെ സര്‍ക്കാറിന്റെ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥിതിയാണ്. കേരളം കടന്നുപോകുന്നത് ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, ഇക്കാര്യം സമ്മതിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്. സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാർ ചിലവിൽ സി.പി.എമ്മിന്റേയും ഇടതു മുന്നണിയുടേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സി.പി.എമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണം, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story