യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

കുറവിലങ്ങാട്: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.

മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 9.40) ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.

മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്. അമലിന്റെ അറസ്റ്റ് സംബന്ധിച്ചു ഔദ്യോഗിക റിപ്പോർട്ട് ഇന്നു പുറത്തു വരുമെന്നു കരുതുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story