ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടാഭീഷണിയെന്ന് വേണു

ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടാഭീഷണിയെന്ന് വേണു

November 18, 2023 0 By Editor

തൃശ്ശൂർ: നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. ഇതേത്തുടർന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസിൽ പരാതി നൽകി. തൃശ്ശൂരിൽ ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ സംവിധായകനായ ജോജുവും വേണുവും കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ വേണുവിനെതിരേ ഉയർന്നു.

കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയുടെ വക്കിൽവരെയെത്തിയതായാണ് റിപ്പോർട്ട്. ഒരു എയർകണ്ടീഷണർ തകരുകയും ചെയ്തു. തുടർന്ന് വേണുവിനെ ഇനി തുടരാൻ അനുവദിക്കേണ്ടതില്ലെന്ന് നിർമാതാവ് കൂടിയായ ജോജു തീരുമാനിക്കുകയായിരുന്നു. പകരം ‘ഇരട്ട’യുടെ ക്യമാറാമാനായ വിജയ്‌യെ വിളിച്ചുവരുത്തി.

ഹോട്ടലിൽ തങ്ങിയ തന്നെ ഗുണ്ടകൾ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് വെള്ളിയാഴ്ച രാവിലെയാണ് വേണു തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഉടൻ നഗരം വിട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരമറിയിക്കുമെന്നുമായിരുന്നു ഭീഷണി. ഹോട്ടലിലേക്കെത്തിയ ഫോൺകോളുകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.

വേണുവിനും സഹായികൾക്കും മുഴുവൻ പ്രതിഫലവും നൽകിയതായാണ് ചിത്രത്തിന്റെ നിർമാണവിഭാഗത്തിലുള്ളവർ പറയുന്നത്. ഇനിയും 60 ദിവസം ചിത്രീകരണം ബാക്കിനിൽക്കെയാണ് വേണുവിനെ മാറ്റിയത്. തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി പ്രശ്‌നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജുവിന്റെ വാദം.

ഇതാദ്യമായല്ല വേണു ഒരു ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ നിർമിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. പക്ഷേ ഷൂട്ടിങ് തുടങ്ങും മുമ്പുതന്നെ വേണുവുമായി റൈറ്റേഴ്‌സ് യൂണിയനും സഹനിർമാതാക്കളും അഭിപ്രായഭിന്നതയിലായി. പ്രതിഫലത്തിലുൾപ്പെടെ വേണുവിന്റെ പലനിലപാടുകളും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ പറഞ്ഞത്. ഒടുവിൽ ചിത്രീകരണം തുടങ്ങും മുമ്പ് വേണുവിന് പകരം ഷാജി കൈലാസിനെ സംവിധായകനാക്കുകയാണുണ്ടായത്.

ജോജുവും വേണുവും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്ന ‘പണി’യുടെ ചിത്രീകരണം വെള്ളിയാഴ്ച വീണ്ടും തുടങ്ങി. വേണു ഏർപ്പെടുത്തിയ ഫിലിം യൂണിറ്റിനെ ഉൾപ്പെടെ മാറ്റിക്കൊണ്ടാണ് പുതിയ ഛായാഗ്രാഹകന്റെ നേതൃത്വത്തിൽ ചിത്രീകരണം പുനരാരംഭിച്ചത്.