
പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭർത്താവിനെ യുവതി അടിച്ചു കൊന്നു
November 25, 2023പുണെ∙ പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ അടിയേറ്റ 36കാരൻ മരിച്ചു. വ്യവസായി നിഖിൽ ഖന്ന ആണ് മരിച്ചത്. ഭാര്യ രേണുകയെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പുണെ വാനവ്ഡി ഏരിയയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും പ്രണയവിവാഹം.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. രേണുകയെ അവരുടെ ജന്മദിനം ആഘോഷിക്കാൻ നിഖിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങള്‍ നൽകാത്തതിലും രേണുക അസ്വസ്ഥയായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്കു പോകണമെന്ന ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നൽകാത്തതിലും രേണുക നിഖിലിനോട് അസ്വസ്ഥയായിരുന്നു.
വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും തകർന്നു. കനത്ത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്‌ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി വനവ്ഡി പൊലീസ് അറിയിച്ചു.