അമിത് ഷായുടെ പ്രഖ്യാപനം സത്യമാകുമോ?.; ഇന്ത്യ ഉന്നമിട്ട ഒരു ഭീകരൻകൂടി കൊല്ലപ്പെട്ടു, പിന്നിൽ ‘അജ്ഞാതർ’

കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന…

കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം

ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികൾ വിവിധ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നതിലെ അസ്വാഭാവികത ചർച്ചയാകുന്നതിനിടെയാണ്, ഇന്ത്യ നോട്ടമിട്ടിരുന്ന മറ്റൊരു ഭീകരൻ കൂടി പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ലഷ്കറെ തയിബ ഭീകരൻ അദ്‌നാൻ അഹമ്മദാണ് ഇന്നലെ വെടിയേറ്റു മരിച്ചത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ വച്ചാണ് ഹാൻസ്‌ലാ അഹമ്മദ് എന്നും അറിയപ്പെടുന്ന അദ്‌നാൻ അഹമ്മദിനു വെടിയേറ്റത്. ലഷ്കറെ തയിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്നാൻ അഹമ്മദ്. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2015ൽ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്‍എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്നാൻ. രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും 13 ജവാന്മാർക്കു അന്നു പരുക്കേൽക്കുകയും ചെയ്തിരുന്നു. 2016ൽ ജമ്മു കശ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സൈനികർക്കു നേരെ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അദ്‍നാൻ ആയിരുന്നു. എട്ട് സിആർപിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 22 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 20 മാസത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം. 2026നകം ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസംഗിച്ചത് ഇന്നലെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നും 2026നകം കശ്മീരിൽനിന്ന് ഭീകരത തുടച്ചുനീക്കുമെന്നുമായിരുന്നു പ്രസംഗം.

പാക്കിസ്ഥാനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ജയിലിൽ വച്ചാണ് സജിദ് മിറിന്റെ ഉള്ളിൽ വിഷം ചെന്നത്

അതിനും തൊട്ടുമുൻപ് ഡിസംബർ രണ്ടിനാണ് ഖലിസ്ഥാനി ഭീകരൻ ലക്ബിർ സിങ് റോഡ് ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽവച്ച് മരിച്ചത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ പ്രധാന നേതാവായിരുന്നു. പഞ്ചാബിലെ മോഗ സ്വദേശിയാണ്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാല, ലഖ്ബീർ സിങ്ങിന്റെ അമ്മാവനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനുപിന്നാലെ ലഖ്ബീർ പാക്കിസ്ഥാനിലേക്കു കടന്നു. 1991 മുതൽ ലഹോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പഞ്ചാബിലേക്ക് ആയുധക്കടത്തും ഭീകരപ്രവർത്തനവും നടത്തിവരികയായിരുന്നു. വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story