
അതികഠിനം അയ്യപ്പദര്‍ശനം; ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നു; തിരക്ക് സ്വാഭാവികമെന്നും ഭക്തർ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം മന്ത്രി
December 12, 2023 0 By Editorശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 8–10 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെയാണ് തീർഥാടകർ മടങ്ങുന്നത്.
അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൻ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതൽ ക്യൂവാണ്. തിരക്കിനെ തുടർന്ന് ഇന്നലെ വഴിയിൽ തടഞ്ഞുനിർത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവർ കൂടിയെത്തുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. ശബരിമല ദര്‍ശനം കഴിഞ്ഞ ഭക്തരെ തിരിച്ചെത്തിക്കാന്‍ ചെങ്ങന്നൂരില്‍നിന്ന് അയച്ച കെഎസ്ആര്‍ടിസി ബസുകളും വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ മടക്കയാത്രയ്ക്ക് ആവശ്യമായ ബസ് ഇല്ലാത്ത അവസ്ഥയാണ് അയ്യപ്പന്മാരെ ഏറെ വലയ്ക്കുന്നത്.
ആയിരക്കണക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസ് മാത്രമാണുള്ളതെന്ന് ആക്ഷേപമുണ്ട്. ശബരിമലയില്‍ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിര്‍ന്ന പൊലീസുകാരുള്‍പ്പെടെ ആരെയും ഇക്കുറി സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നതാണ് വീഴ്ചയെന്നാണു കരുതുന്നത്. പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാരാണ്. ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ സേവനത്തിനുള്ളത് 615 പേർ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. തെലങ്കാനയിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്ത് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.
ശബരിമലയിലെ തിരക്ക് സ്വാഭാവികം; ഭക്തർ സ്വയം നിയന്ത്രിക്കണം: ദേവസ്വം മന്ത്രി
ശബരിമലയിലെ തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടാക്കുന്നതിന് പിന്നിൽ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു
‘‘ഐജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഭക്തർക്ക് യാതൊരു തരത്തിലുള്ള തടസ്സവും ഇല്ലാതെ നോക്കുന്നുണ്ട്. പൊതുവെ അന്തരീക്ഷം സുഗമമായി പോകുന്നുണ്ട്. തീർഥാടകരുടെ എണ്ണം കൂടുന്നതുകൊണ്ടുള്ള പ്രശ്നമുണ്ട്. മറ്റ് പല മാർഗങ്ങളിലൂടെ ഭക്തർ സന്നിധാനത്തേക്ക് എത്തുന്നു. ഭക്തർ സ്വയം നിയന്ത്രിക്കാൻ തയാറാകണം. ഭൗതിക സാഹചര്യങ്ങളിൽ ഒരു കുറവും ഇല്ല’’. മന്ത്രി പറഞ്ഞു
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല