Begin typing your search above and press return to search.
മഴ: തമിഴ്‌നാട്ടില്‍ ട്രെയിനില്‍ കുടുങ്ങിയ 500-ഓളം പേരെ രക്ഷപ്പെടുത്താന്‍ വ്യോമസേന രംഗത്ത്
തൂത്തുക്കുടി: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മൂന്ന് മരണം. അതിനിടെ, തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വ്യോമസേന രംഗത്തെത്തിയിട്ടുണ്ട്. സുഖമില്ലാത്ത യാത്രക്കാരെഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് നീക്കം. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ 13 ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറുകയും ട്രാക്കുകള്‍ തകരുകയും ചെയ്തതിനാല്‍ 24 മണിക്കൂറായി 500 ഓളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുകള്‍ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.രക്ഷപ്പെടുത്തുന്നവരെ പ്രത്യേക തീവണ്ടിയില്‍ ചെന്നൈയില്‍ എത്തിക്കാനാണ് നീക്കം.
അതിനിടെ, തെക്കന്‍ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സാധാരണ ജീവിതം സ്തംഭിച്ചു. വിവിധ മേഖലകളില്‍ ഇന്ത്യന്‍ വ്യോമസേനയും സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.ഇന്ത്യന്‍ വ്യോമസേനയുടെ സതേണ്‍ എയര്‍ കമാന്‍ഡ് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ ദൗത്യത്തിന് വിന്യസിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലെ വാസവപ്പപുരം മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 118 പേരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി.തെക്കന്‍ തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലും മഴ ഏതാണ്ട് നിലച്ചിട്ടുണ്ടെങ്കിലും, വെള്ളപ്പൊക്കം ഇപ്പോഴും ശക്തമാണ്.
Next Story