കാട്ടുപോത്ത് ആക്രമണം: കോഴിക്കോട് കക്കയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തി. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.
ഇന്നലെ കക്കയം കെഎസ്ഇബി ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരുക്കേറ്റിരുന്നു. എറണാകുളം ഇടപ്പള്ളി തോപ്പിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു.
എറണാകുളം സ്വദേശികൾ കുടുംബസമേതം കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വന്നപ്പോൾ കക്കയം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് 3.40നാണ് സംഭവം. കക്കയം വനമേഖലയിൽ നിന്ന് ഇറങ്ങിയ കാട്ടുപോത്താണ് കുട്ടികളുടെ പാർക്കിൽ ഇരുന്ന ടൂറിസ്റ്റുകളെ ആക്രമിച്ചത്. മകളെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ രക്ഷിക്കുന്നതിനിടെയാണു നീതുവിനു കുത്തേറ്റത്. യുവതിയുടെ 3 വാരിയെല്ലുകൾ പൊട്ടി. തലയ്ക്ക് 8 തുന്നലുകളുണ്ട്