കെഎസ്ആർടിസിയുടെ മുൻപിലോടാൻ റോബിൻ ബസ്; പത്തനംതിട്ടയിൽനിന്ന് പുലർച്ചെ 4ന് പുറപ്പെടാൻ ഒരുക്കം
പത്തനംതിട്ട : കെഎസ്ആർടിസി പത്തനംതിട്ട–കോയമ്പത്തൂർ സർവീസിന്റെ മുൻപിലോടാൻ റോബിൻ ബസ്. പുലർച്ചെ 4.30നാണ് കെഎസ്ആർടിസി കോയമ്പത്തൂർ സർവീസ് പുറപ്പെടുന്നത്. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് പുറപ്പെടാനാണു റോബിൻ ബസിന്റെ ഒരുക്കം. ഇതോടൊപ്പം സർവീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്. പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും.
കെഎസ്ആർടിസി കോയമ്പത്തൂർ സർവീസിന് ഉപയോഗിക്കുന്ന എസി ലോ ഫ്ളോർ ബസുകൾ തുടർച്ചായി വഴിയിൽ കിടന്നിട്ടും അവ മാറ്റി പുതിയ ബസ് അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല. പുതിയ എസി ബസുകളൊന്നും കെഎസ്ആർടിസിയുടെ പക്കലില്ല. ബ്രേക്ക് തകരാർ, എൻജിനിൽ തീ എന്നീ പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ സർവീസ് മുടങ്ങുന്നതിന് പരിഹാരം പുതിയ ബസുകൾ മാത്രമാണ്. കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്ക് പത്തനംതിട്ടയിൽ നിന്നുള്ള 3 സർവീസിനും നല്ല കലക്‌ഷനുണ്ട്. പുതിയ ബസിനായി കത്ത് എഴുതി കാത്തിരിക്കുകയാണ് അധികൃതർ.
കെഎസ്ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിൻ ബസുടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദേശം സ്വീകരിച്ചാണ് സമയമാറ്റം. പത്തനംതിട്ടയിൽ രാത്രി സർവീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നതെന്നും ഗിരീഷ് പറഞ്ഞു. വൈകാതെ റെഡ് ബസിന്റെ ബുക്കിങ് പ്ലാറ്റ്ഫോമിലും റോബിൻ ബസ് ലഭ്യമാകും