ഗുരുവായൂര്‍ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിർദേശം; അരിക്കൊമ്പൻ എവിടെയെന്നും ചോദ്യം

ഗുരുവായൂര്‍ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിർദേശം; അരിക്കൊമ്പൻ എവിടെയെന്നും ചോദ്യം

February 9, 2024 0 By Editor

കൊച്ചി: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഉത്സവക്കാലത്ത് ആനകളെ നിയന്ത്രണമില്ലാതെ കൊണ്ടുനടക്കുന്നതിനുപിന്നില്‍ ഇടനിലക്കാരാണെന്നും സാമ്പത്തികലാഭം മാത്രമാണ് ഇവര്‍ നോക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം ഗുരുവായൂർ ആനക്കോട്ടയില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

ഗുരുവായൂര്‍ ആനക്കോട്ട സംഭവത്തില്‍ രണ്ട് ഡിവിഷന്‍ ബെഞ്ചുകളുടെ ഇടപെടലാണുണ്ടായത്. ദേവസ്വംബെഞ്ച് ഇടപെട്ട് ആനക്കോട്ടയിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തു. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആനക്കോട്ടയില്‍ പരിശോധന നടത്താനും സൗകര്യങ്ങള്‍ വിലയിരുത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ആനക്കോട്ടയിലെ നിലവിലെ സാഹചര്യങ്ങള്‍ മോശമാണെന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നടയ്ക്കിരുത്തിയ ആനകള്‍ക്ക് നല്‍കണമെന്നും അതിനുള്ള സാമ്പത്തിക ശേഷി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. ഭഗവാന് ഇഷ്ടമാണെന്ന് കരുതിയാണ് ഭക്തര്‍ ആനകളെ നടയ്ക്കിരുത്തുന്നത്. അങ്ങനെ നടയ്ക്കിരുത്തിയ ആനകളുടെ ഗതി ഇതാണെങ്കില്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുകയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിരിക്കുകയാണ്. കഴിഞ്ഞദിവസം എഴുന്നള്ളിപ്പിന് കൊണ്ടുപോയ കുട്ടിക്കൃഷ്ണന്‍ എന്ന ആന അപകടത്തില്‍പ്പെടുകയും കൊമ്പൊടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടല്‍. നിലവിലുള്ള സ്ഥലത്തുനിന്ന് കുട്ടിക്കൃഷ്ണനെ മാറ്റരുതെന്നും ആരോഗ്യപരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഉത്സവകാലത്ത് നിയന്ത്രണങ്ങളില്ലാതെയാണ് സാമ്പത്തിക ലാഭം മാത്രംനോക്കി ആനകളെ കൊണ്ടുനടക്കുന്നതെന്നും ആനയ്ക്ക് വോട്ടില്ലാത്തതിനാല്‍ അവയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും കോടതി വിമര്‍ശിച്ചു. 409 നാട്ടാനകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ആനകളുടെ കാര്യത്തില്‍ ഓഡിറ്റ് വേണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആനകളുടെ ആരോഗ്യസ്ഥിതി, ഉടമസ്ഥരുടെ വിവരങ്ങള്‍, ചിപ്പുകളുടെ അവസ്ഥ തുടങ്ങിയവ പരിശോധിക്കണമെന്നും ആരോഗ്യസ്ഥിതി മോശമായ ആനകളുടെ എഴുന്നള്ളത്ത് തടയണമെന്നും കോടതി വ്യക്തമാക്കി.

അരിക്കൊമ്പന്‍ വിഷയത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി. അരിക്കൊമ്പന്‍ എവിടെയാണെന്നും ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്താണ്, റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, ആരാണ് അത് മോണിറ്റര്‍ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ ഡിവിഷന്‍ ബെഞ്ച് വനംവകുപ്പിനോട് ആരാഞ്ഞു. തമിഴ്‌നാട് വനം മേഖലയില്‍ തന്നെയാണ് അരിക്കൊമ്പന്‍ ഉള്ളതെന്നും രണ്ടുമൂന്ന് തവണ പുറത്തേക്കുവരാനുള്ള ശ്രമം നടത്തിയെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചിരുന്നില്ലെന്നും ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തില്‍ ആനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പന്‍ ചേര്‍ന്നിട്ടുണ്ടെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.