ആന്റിബയോട്ടിക്കുകൾ ഇനി വിപണിയിലെത്തുക നീല കവറിൽ, സംസ്ഥാനം മുഴുവൻ നടപ്പിലാക്കും

ആന്റിബയോട്ടിക്കുകൾ ഇനി വിപണിയിലെത്തുക നീല കവറിൽ, സംസ്ഥാനം മുഴുവൻ നടപ്പിലാക്കും

February 21, 2024 0 By Editor

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകൾ ഇനി മുതൽ എളുപ്പത്തിൽ തിരിച്ചറിയാം. മറ്റു മരുന്നുകളിൽ നിന്നും ആന്റിബയോട്ടിക്കുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി അവ നീല കവറിൽ ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം. ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

നിലവിൽ, എറണാകുളം ജില്ലയിൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രം പുറത്തിറക്കുന്ന സംസ്ഥാനമെന്ന പദവി നേടാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ആന്റിബയോഗ്രം പുറത്തിറക്കിയത്. ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി കൃത്യമായി അളന്ന് ക്രോഡീകരിക്കുന്ന രീതിയാണ് ആന്റിബയോഗ്രം.